കാഞ്ഞങ്ങാട്: ഇടപാടുകാർ പണയംവെച്ച സ്വർണമെടുത്ത് പല ആളുകളുടെ പേരിൽ വീണ്ടും പണയപ്പെടുത്തി 58 ലക്ഷം രൂപ തട്ടിയ കേസിൽ സഹകരണ ബാങ്ക് മാനേജർ റിമാൻഡിൽ. കോട്ടച്ചേരി സർവീസ് സഹകരണ ബാങ്കിന്റെ മഡിയൻ ശാഖാ മാനേജരായിരുന്ന കാഞ്ഞങ്ങാട് അടമ്പിൽ സ്വദേശി ടി. നീനയെ (52) ആണ് ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (ഒന്ന്) കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ബാങ്ക് ഭരണസമിതി ഇവരെ സസ്പെൻഡ് ചെയ്തിരുന്നു.
മാസങ്ങളുടെ ഇടവേളകളിലാണ് തട്ടിപ്പ് നടത്തിയത്. ബാങ്ക് ലോക്കറിലെ കവറുകളിൽനിന്ന് ആരും കാണാതെ സ്വർണമെടുക്കുകയും സ്വന്തക്കാരെക്കൊണ്ട് വീണ്ടും അതു പണയംവെപ്പിക്കുകയും ചെയ്താണ് തട്ടിപ്പ് നടത്തിയത്. ഇവർക്ക് സ്ഥലംമാറ്റമുണ്ടായതിനെ തുടർന്ന് പുതിയ മാനേജർ ബാങ്കിലെത്തി സ്വർണ സ്റ്റോക്കും ലഡ്ജറും ഒത്തുനോക്കിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്.
ബാങ്ക് സെക്രട്ടറിയുടെ പരാതിയിന്മേൽ കേസെടുത്ത് ഹൊസ്ദുർഗ് പോലീസ് അന്വേഷിക്കുന്നതിനിടെ പ്രതി ഒളിവിൽ പോകുകയും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് ഹർജി നൽകുകയും ചെയ്തു. ജാമ്യഹർജി പരിഗണിച്ച ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകൻ നിർദേശം നൽകി. ചൊവ്വാഴ്ച വൈകീട്ട് ഹൊസ്ദുർഗ് സ്റ്റേഷനിലെത്തിയ പ്രതിയെ ഇൻസ്പെക്ടർ കെ.പി. ഷൈൻ അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കി






