ബെംഗളൂരു: കര്‍ണാടകയെ ഞെട്ടിച്ച ലൈംഗിക പീഢന കേസ് പ്രതി പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍. (Sex Abuse Case: Prajwal Revanna arrested at Bengaluru Airport, to be produced in court today)ജനതാദള്‍ എം.പിയും കര്‍ണാടകയിലെ ഹാസന്‍ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ 34 ദിവസം വിദേശത്ത് ഒളിവില്‍ കഴിഞ്ഞതിന് ശേഷമാണ് തിരിച്ചെത്തിയത്. പീഡനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് അദ്ദേഹം രാജ്യം വിട്ടത്.
ജര്‍മനിയില്‍നിന്ന് പുലര്‍ച്ചെ 12.46ന് ബെംഗളൂരു എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയ പ്രജ്വലിനെ കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നതിനാല്‍ വിമാനത്തില്‍നിന്ന് നേരിട്ട് പിടികൂടി വി.ഐ.പി ഗേറ്റിലൂടെ പുറത്തെത്തിക്കുകയായിരുന്നു.
ബൗറിങ് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനക്ക് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ വിമാനത്താവളത്തിനു ചുറ്റും കനത്ത സുരക്ഷാസന്നാഹം ഒരുക്കിയിരുന്നു.
ജനപ്രതിനിധികളുടെ പ്രത്യേക കോടതി എം.പിക്കെതിരെ നേരത്തേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. സ്വയം ചിത്രീകരിച്ച മുവായിരത്തോളം ലൈംഗിക ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിച്ചതോടെ ഏപ്രില്‍ 26ന് രാത്രിയാണ് പ്രജ്വല്‍ രാജ്യം വിട്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തുണ്ടായ സംഭവം ജനതാദളിനും എന്‍ഡിഎക്കും സംസ്ഥാനത്ത് കനത്ത തിരിച്ചടി ഉണ്ടാക്കിയിരുന്നു. അവസാന ഘട്ട തിരഞ്ഞെടുപ്പിന് ഒരു ദിവസം മുമ്പാണ് പ്രജ്വല്‍ രാജ്യത്ത് തിരിച്ചെത്തിയത്.






