ഒരു ദിവസം കൊണ്ട് എങ്ങനെയാണ് നിങ്ങൾക്ക് ഞങ്ങൾ അന്യരായി പോകുന്നത്?
താൻ ഒരിടത്തേക്കും ഒളിച്ചോടി പോയതല്ലെന്ന് മോഹൻലാൽ. ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റിപ്പോർട്ടുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്കുള്ള അറിവ് മാത്രമേ തനിക്കുമുള്ളൂ. പവർ ഗ്രൂപ്പിനെ കുറിച്ച് താൻ ആദ്യമായാണ് കേട്ടത്. എന്തിനും ഏതിനും അമ്മയല്ല മറുപടി പറയേണ്ടത്. മലയാള സിനിമയെ തകർക്കുന്ന നിലയിലേക്ക് കാര്യങ്ങൾകൊണ്ടുപോകരുതെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തിപരമായ കാരണങ്ങളാൽ കേരളത്തിലുണ്ടായിരുന്നില്ലെന്നും അതിനാലാണ് പ്രതികരണം വൈകിയതെന്നും അദ്ദേഹം പറഞ്ഞു. ഭാര്യയുടെ ശസ്ത്രക്രിയയും ബറോസിൻ്റെ പ്രവർത്തനങ്ങളുമായി തിരക്കിലായിരുന്നു. തൻ്റെ സിനിമകളുടെ റിലീസ് മാറ്റിവച്ചു. ഇപ്പോൾ അതിൻ്റെ സമയമല്ലെന്ന് മനസിലാക്കിയാണ് തീരുമാനം. സിനിമ സമൂഹത്തിൻ്റെ ഭാഗമാണ്. മറ്റെല്ലായിടത്തും സംഭവിക്കുന്ന കാര്യങ്ങൾ ഇവിടെയും സംഭവിക്കുന്നു. അമ്മ ട്രേഡ് യൂണിയനല്ല. അത് അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി തുടങ്ങിയ സംഘടനയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മറുപടി പറയേണ്ടത് സിനിമാ രംഗം ആകെയാണ്. എന്തിനും ഏതിനും കുറ്റപ്പെടുത്തുന്നത് അമ്മയെയാണ്. ഏറ്റവും കൂടുതൽ ചോദ്യ ശരങ്ങൾ വരുന്നത് തനിക്കും അമ്മയ്ക്കും നേരെയാണ്. ഈ സാഹചര്യത്തിൽ അഭിഭാഷകരോട് അടക്കം സംസാരിച്ചാണ് അമ്മയുടെ ചുമതലകളിൽ നിന്ന് രാജിവെച്ചതെന്നും മോഹൻലാൽ പറഞ്ഞു.
ഒരു ദിവസം കൊണ്ട് എങ്ങനെയാണ് നിങ്ങൾക്ക് ഞങ്ങൾ അന്യരായി പോകുന്നത്? താരങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയാണ് അമ്മ സംഘടനയുണ്ടാക്കിയത്. ഞങ്ങളുടെ കൂടെ നിങ്ങളും നിൽക്കൂ, നിങ്ങളുടെ കൂടെ ഞങ്ങളും നിൽക്കാം. നല്ല കാര്യത്തിനായാൽ ഞങ്ങൾ സഹകരിക്കും. ഡബ്ല്യുസിസി, അമ്മ എന്നതെല്ലാം ഒഴിവാക്കൂ. എന്നിട്ട് മലയാള സിനിമയെ കുറിച്ച് മാത്രം സംസാരിക്കൂ. അമ്മ മാത്രമല്ല, ഒരുപാടധികം സംഘടനകളുണ്ട്. അവരുടെയെല്ലാം കാര്യത്തിൽ സംസാരിക്കൂ. മുഖമറിയാത്ത പരിചയമില്ലാത്ത കുറേയധികം കാര്യങ്ങൾ പലയിടത്ത് നിന്നും കേട്ടു. എന്താണ് നടന്നതെന്ന് അറിയില്ല. മലയാള സിനിമയിൽ 21 ഓളം സംഘടനകളുണ്ട്. അതിലൊന്നും അറിയിക്കാതെ അമ്മയോട് പ്രതികരണം ചോദിച്ചാൽ എന്താണ് പറയുക? താൻ പവർ ഗ്രൂപ്പിൽ പെട്ടയാളല്ല. അങ്ങനെയൊരു കാര്യം താൻ ആദ്യമായാണ് കേട്ടതെന്നും മോഹൻലാൽ പറഞ്ഞു. റിപ്പോർട്ടുകളിൽ പറയുന്ന കാര്യങ്ങളിൽ മാധ്യമങ്ങൾക്കുള്ള അറിവ് മാത്രമേ തനിക്കുമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.






