വൈത്തിരി: സി ഫോം രജിസ്‌ട്രേഷന്‍ നിയമാനുസരണം സമയബന്ധിതമായി നടത്താതെ വിദേശ പൗരനെ താമസിപ്പിച്ചതിന് റിസോര്‍ട്ട് നടത്തിപ്പുകാരനെതിരെ കേസെടുത്തു. കോഴിക്കോട്, വെസ്റ്റ് ഹില്‍ കച്ചേരി അവന്തിക വീട്ടില്‍ സന്തോഷ് കുമാറിനെ(56)നെതിരെയാണ് ഫോറീനേഴസ് ആക്ട് പ്രകാരം കേസെടുത്തത്. വൈത്തിരി, പഴയ വൈത്തിരി മിരാജ് ഡെവലപ്പേഴ്‌സ് എന്ന റിസോര്‍ട്ടിലാണ് യഥാസമയം സി ഫോം രെജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ ചെയ്യാതെ വിദേശിയായ സൗദി അറേബ്യന്‍ സ്വദേശിയെ താമസിപ്പിച്ചത്. വിദേശികളെ താമസിപ്പിക്കുന്നതിന് ഓണ്‍ലൈന്‍ വഴി സി ഫോമില്‍ രെജിസ്റ്റര്‍ ചെയ്ത് പോലീസില്‍ വിവരം അറിയിക്കണമെന്നാണ് നിയമം. വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന്റെ നിര്‍ദേശ പ്രകാരം വൈത്തിരി സബ് ഇന്‍സ്‌പെക്ര്‍ സജേഷ് സി ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം റിസോര്‍ട്ടിലെത്തി രേഖകള്‍ പരിശോധിച്ചു. വിവരം യഥാസമയം സി ഫോമിലൂടെ ഇവര്‍ പോലീസില്‍ അറിയിച്ചിരുന്നില്ല. എസ്.സി.പി.ഒ അബ്ദുള്ള മുബാറക്, വിനീഷ്, സി.പി.ഓ പ്രജിത് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
സി ഫോം രജിസ്‌ട്രേഷന്‍ സമയബന്ധിതമായി നടത്തണം
വിദേശ പൗരന്മാരെ താമസിപ്പിക്കുന്നതിന് സി ഫോം രജിസ്‌ട്രേഷന്‍ സമയബന്ധിതമായി നടത്തണമെന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് അറിയിച്ചു. ഇതില്‍ വീഴ്ച വരുത്തിയാലും കാലതാമസം വരുത്തിയാലും ഫോറിനേഴ്‌സ് ആക്ട് പ്രകാരം നടപടികളുണ്ടാകും