കൽപറ്റ: വയനാട്ടിൽ പൊതുവിതരണസമ്പ്രദായത്തിലൂടെ സമ്പുഷ്ടീകരിച്ച (ഫോർട്ടിഫൈഡ്) അരി വിതരണംചെയ്യാനുള്ള തീരുമാനത്തിൽ ആശങ്ക. രാജ്യത്ത് 15 ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതിക്കായി കേരളത്തിൽ വയനാടിനെ മാത്രമാണ് തിരഞ്ഞെടുത്തത്. ദരിദ്രർക്കിടയിലെ പോഷകക്കുറവ് പരിഹരിക്കുകയെന്ന ലക്ഷ്യം പ്രഖ്യാപിച്ചാണ് രാജ്യത്ത് അരി, ഗോതമ്പ്, എണ്ണ, പാൽ എന്നിവയുടെ സമ്പുഷ്ടീകരണത്തെ പ്രോത്സാഹിപ്പിക്കുന്നത്. രാസവസ്തുക്കൾ ഉപയോഗിച്ച് സമ്പുഷ്ടീകരിച്ച ഭക്ഷ്യവസ്തുക്കൾ ആരോഗ്യത്തിന് ഹാനികരമാണെന്ന് വിദഗ്ധാഭിപ്രായം.
കുട്ടികളിലും ഗർഭിണികളിലും കൗമാരക്കാരിലുമുള്ള പോഷകക്കുറവ് പരിഹരിക്കുകയെന്ന പേരിലാണ് കൃത്രിമവിറ്റാമിനുകളും ധാതുക്കളും ചേർത്ത് അരിപോലുള്ള ഭക്ഷ്യവസ്തുക്കൾ സമ്പുഷ്ടീകരിക്കുന്നത്. കോടികളുടെ ബിസിനസാണ് ഈ മേഖലയിൽ നടക്കുന്നത്. കോർപ്പറേറ്റുകളെ സഹായിക്കാനാണ് ഫോർട്ടിഫിക്കേഷനെ കേന്ദ്രസർക്കാർ പ്രോത്സാഹിപ്പിക്കുന്നതെന്നും ആക്ഷേപങ്ങളുണ്ട്. വയനാടിന്റെ പ്രത്യേക സാഹചര്യം പരിഗണിക്കാതെയും കേന്ദ്രത്തിന്റെതന്നെ മാർഗരേഖകൾ അവഗണിച്ചുമാണ് സമ്പുഷ്ടീകരിച്ച അരി വിതരണംചെയ്യുന്നത്. സംസ്ഥാനത്ത് ഏറ്റവുംകൂടുതൽ സിക്കിൾസെൽ അനീമിയ (അരിവാൾ രോഗം), തലാസീമിയ രോഗികളുള്ള ജില്ലയാണ് വയനാട്. ചെട്ടി, പണിയ, അടിയ വിഭാഗങ്ങളിലെ സാധാരണക്കാരാണ് അരിവാൾരോഗികളിലേറെയും. ഇവരൊക്കെയും പൊതുവിതരണസമ്പ്രദായത്തെ ആശ്രയിക്കുന്നവരാണ്. 2018-ലെ കേന്ദ്ര ഭക്ഷ്യസുരക്ഷാമാനദണ്ഡങ്ങൾപ്രകാരം തലാസീമിയ രോഗമുള്ളവർ ഡോക്ടറുടെ ഉപദേശപ്രകാരം മാത്രമേ ഇരുമ്പ് സമ്പുഷ്ടീകരിച്ച ഭക്ഷണം കഴിക്കാവൂ എന്നും, അരിവാൾരോഗികൾ ഇത്തരം ഭക്ഷണം കഴിക്കാൻ പാടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
തലാസീമിയ രോഗമുള്ളവർക്കും കുറഞ്ഞഅളവിൽ ഇരുമ്പടങ്ങിയ ഭക്ഷണം കഴിക്കുന്ന ജനവിഭാഗങ്ങൾക്കും ഇരുമ്പ് കൃത്രിമമായി സമ്പുഷ്ടീകരിച്ച ഭക്ഷണങ്ങൾ നിർദേശിക്കുന്നില്ലെന്നും കേന്ദ്ര ഭക്ഷ്യപൊതുവിതരണവകുപ്പ് വ്യക്തമാക്കിയിട്ടുമുണ്ട്.






