രാജ്യത്തെ മികച്ച മൂന്നാമത്തെ മൃഗശാലയായി മൈസൂരു മൃഗശാല തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര മൃഗശാല അതോറിറ്റി പുറത്തുവിട്ട മികച്ച മൃഗശാലകളുടെ പട്ടികയിലാണ് മൈസൂരു മൂന്നാമതെത്തിയത്.
നിലവിൽ മൈസൂരുവിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ മൃഗശാലയിൽ 1400-ലധികം മൃഗങ്ങളാണുള്ളത്. കൂടാതെ 152 ഇനം പക്ഷികളുമുണ്ട്. വിദേശരാജ്യങ്ങളിൽനിന്ന് ഉൾപ്പെടെ എത്തിച്ച മൃഗങ്ങളും ഇക്കൂട്ടത്തിലുണ്ട്.
മികച്ച മൃഗശാലകളുടെ റാങ്ക് പട്ടികയിൽ 80 ശതമാനം മാർക്കാണ് മൈസൂരുവിനു ലഭിച്ചതെന്ന് മൃഗശാല
എക്സിക്യുട്ടീവ് ഡയറക്ടർ അജിത് കുൽക്കർണി പറഞ്ഞു. ദേശീയപട്ടികയിൽ മൂന്നാംസ്ഥാനം കരസ്ഥമാക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ബംഗാളിലെ ഡാർജിലിങ് മൃഗശാല ഒന്നാംസ്ഥാനത്തും തമിഴ്‌നാട്ടിലെ വണ്ടല്ലൂർ മൃഗശാല രണ്ടാംസ്ഥാനത്തുമാണ്. ഒമ്പതാംസ്ഥാനത്താണ് ബെംഗളൂരുവിലെ ബന്നാർഘട്ട.