താമരശ്ശേരി: കൂറ്റന്‍ യന്ത്രങ്ങളുമായി താമരശ്ശേരി ചുരം കയറാനെത്തിയ ലോറികള്‍ റോഡില്‍ കുടുങ്ങിയിട്ട് ഒരു മാസം പിന്നിടുമ്പോള്‍ ജീവനക്കാര്‍ ദുരിതക്കയത്തില്‍. യാത്രാ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ലോറിയില്‍ കുടുങ്ങിയ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രാഥമിക കര്‍മങ്ങള്‍ക്ക് പോലും പ്രയാസപ്പെടുകയാണ്. ചൂടും പൊടിയും പുകയുമെല്ലാം സഹിച്ച് റോഡില്‍ കഴിയുന്ന ഇവര്‍ക്ക് നാട്ടുകാരുടെ സഹായം ആശ്വാസമാണെങ്കിലും അധികനാള്‍ ഇങ്ങനെ തുടരാനാവില്ല.
കര്‍ണാടകയിലെ നഞ്ചങ്കോടുള്ള ബിസ്‌കറ്റ് ഫാക്ടറിയിലേക്കുള്ള മെഷീനുകളുമായി കഴിഞ്ഞ ജൂലൈ 21 നാണ് രണ്ട് ട്രെയ്ലറുകള്‍ ചെന്നെയില്‍ നിന്ന് പുറപ്പെട്ടത്. 16 അടിയോളം വീതിയിലും ഇരുപത് അടിയോളം ഉയരത്തിലുമുള്ള മെഷീനുകളാണ് ലോറിയിലുള്ളത്. ഇവ ലോറിയുടെ പുറത്തേക്ക് തള്ളി നില്‍ക്കുന്ന നിലയിലാണ്. ഈ ലോറി ചുരം കയറാന്‍ തുടങ്ങിയാല്‍ ചുരത്തിലെ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടുമെന്നതിനാല്‍ താമരശ്ശേരി പോലീസ് ഇടപെടുകയായിരുന്നു.
സെപ്റ്റംബര്‍ ആദ്യവാരത്തിലാണ് ലോറികള്‍ തടഞ്ഞിട്ടത്. ആദ്യം പുല്ലാഞ്ഞിമേടില്‍ നിര്‍ത്തിയിട്ട ലോറികള്‍ പിന്നീട് അടിവാരത്തെത്തി. കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തിലെങ്കിലും ചുരം കയറാനാവുമെന്നായിരുന്നു ഇവരുടെ പ്രതീക്ഷ. കോഴിക്കോട്, വയനാട് കലക്ട്രേറ്റുകളില്‍ നിരന്തരം ബന്ധപ്പെട്ടെങ്കിലും ചുരം കയറാന്‍ അനുമതി ലഭിച്ചില്ല. റോഡിന് കുറുകെ ലൈനുകള്‍ ഇല്ലാത്തതിനാല്‍ താമരശ്ശേരി ചുരം വഴി കടന്നു പോവുമെന്നാണ് ലോറി ഡ്രൈവര്‍മാര്‍ പറയുന്നത്. ചൂടും പൊടിയും പുകയുമെല്ലാം സഹിച്ച് ഇനിയും റോഡില്‍ കഴിയാനാവില്ലെന്നും ഇവര്‍ പറയുന്നു.






