മംഗളൂരു: സഹപാഠിയുടെ കുളിമുറിദൃശ്യങ്ങൾ മൊബൈൽഫോണിൽ പകർത്തിയെന്ന സംഭവത്തിൽ ഉഡുപ്പിയിലെ മൂന്ന് കോളേജ് വിദ്യാർഥിനികൾക്കെതിരേ പോലീസ് കേസെടുത്തു. ഉഡുപ്പി നേത്രജ്യോതി അലൈഡ് ഹെൽത്ത് സയൻസിലെ മൂന്ന് നഴ്സിങ് വിദ്യാർഥിനികൾക്കെതിരെയാണ് മൽപേ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ കോളേജിനെതിരേയും കേസെടുത്തിട്ടുണ്ട്. രണ്ട് കേസുകളിലും എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഉഡുപ്പി എസ്.പി. അക്ഷയ് ഹാക്കായ് മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ, ഉഡുപ്പിയിലെ സംഭവവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിൽ വ്യാജപ്രചരണം നടത്തിയതിന് മറ്റൊരു കേസും പോലീസ് രജിസ്റ്റർ ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ജൂലായ് 18-നാണ് ഉഡുപ്പിയിലെ നഴ്സിങ് കോളേജ് വിദ്യാർഥിനി സഹപാഠികൾക്കെതിരേ കോളേജ് അധികൃതർക്ക് പരാതി നൽകിയത്. സഹപാഠികളായ മൂന്നുപെൺകുട്ടികൾ തന്റെ കുളിമുറിദൃശ്യങ്ങൾ രഹസ്യമായി മൊബൈൽഫോണിൽ പകർത്തിയെന്നായിരുന്നു പരാതി. ഇതേത്തുടർന്ന് മൂന്ന് പെൺകുട്ടികളെയും കോളേജിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
പ്രാങ്ക് വീഡിയോ എന്ന പേരിലാണ് ഇത് ചിത്രീകരിച്ചതെന്നും വീഡിയോ ഡിലീറ്റ് ചെയ്തെന്നുമാണ് പെൺകുട്ടികൾ മറുപടി നൽകിയതെന്നായിരുന്നു കോളേജ് അധികൃതരുടെ വിശദീകരണം. സംഭവത്തിൽ മൂന്നുവിദ്യാർഥിനികളും ക്ഷമാപണം നടത്തി. വിവരം പോലീസിലും അറിയിച്ചു. വിദ്യാർഥിനികൾ ദൃശ്യങ്ങൾ ചിത്രീകരിച്ച ഫോൺ പോലീസിന് കൈമാറിയതായും കോളേജ് അധികൃതർ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഉഡുപ്പിയിലെ വിഷയത്തിൽ സാമൂഹികമാധ്യമങ്ങളിലടക്കം നടക്കുന്ന പ്രചരണങ്ങളിൽ അടിസ്ഥാനമില്ലെന്ന് പോലീസും അറിയിച്ചു. വസ്തുതാവിരുദ്ധമായ വിവരങ്ങളോ വ്യാജ വീഡിയോകളോ ആരും പ്രചരിപ്പിക്കരുത്. ഉഡുപ്പിയിലെ വീഡിയോ എന്ന പേരിൽ പല വ്യാജവീഡിയോകളും പ്രചരിക്കുന്നുണ്ട്. ഇതിലൊന്നും അടിസ്ഥാനമില്ല. കോളേജിൽനിന്ന് രഹസ്യമായി ചിത്രീകരിച്ചെന്ന് പറയുന്ന ഒരു വീഡിയോയും പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. ഇതുസംബന്ധിച്ച് ഒരു പരാതിയും കിട്ടിയിട്ടില്ല. ഉഡുപ്പി സംഭവവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന പല വീഡിയോകളും വ്യാജമാണെന്നും ഉഡുപ്പി പോലീസ് സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ, ഉഡുപ്പിയിലെ രഹസ്യവീഡിയോ വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി.യും എ.ബി.വി.പി.യും രംഗത്തെത്തിയിരുന്നു. ഉഡുപ്പിയിലെ സംഭവം ഹിന്ദു പെൺകുട്ടികളെ കെണിയിൽപ്പെടുത്താനുള്ള നീക്കമാണെന്നും കോളേജിൽനിന്ന് ചിത്രീകരിച്ച വീഡിയോ ഇത് ചിത്രീകരിച്ചവരുടെ ബന്ധുക്കൾക്കിടയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നുമായിരുന്നു എ.ബി.വി.പി.യുടെ ആരോപണം. പ്രതികൾക്കെതിരേ കർശന നടപടി വേണമെന്നും എ.ബി.വി.പി. ആവശ്യപ്പെട്ടിരുന്നു.സംഭവത്തിൽ ചില അദൃശ്യകരങ്ങളുടെ സാന്നിധ്യമുണ്ടെന്ന് സംശയിക്കുന്നതായി ഉഡുപ്പിയിലെ ബി.ജെ.പി. എം.എൽ.എ. യശ്പാൽ സുവർണയും പ്രതികരിച്ചു. ഇത്തരം പ്രാങ്കുകൾ ശരിയല്ല. കുളിമുറിയിൽ ക്യാമറവെയ്ക്കുന്നതും ശരിയല്ല. ഇതൊരു ബ്ലാക്ക്മെയിലിങ് തന്ത്രമാകാം. കുറ്റക്കാരായ മൂന്ന് പേർക്കെതിരേയും ഉചിതമായ നടപടി സ്വീകരിക്കണം. ഇക്കാര്യം മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്നും ബി.ജെ.പി. എം.എൽ.എ. പറഞ്ഞു.






