ന്യൂഡല്‍ഹി: ക്രിമിനല്‍ മാനനഷ്ട കേസില്‍ സൂറത്ത് കോടതി വിധി സ്റ്റേ ചെയ്യണമെന്ന രാഹുലിന്റെ അപേക്ഷയില്‍ രാഹുലിന് ആശ്വാസ വിധി. രണ്ടുവര്‍ഷത്തെ പരമാവധി ശിക്ഷക്കു സുപ്രിം കോടതി സ്റ്റേ അനുവദിച്ചു.
പരമാവധി ശിക്ഷ എന്തിനെന്നു വിചാരണക്കോടതി പറഞ്ഞിട്ടില്ലെന്നു സുപ്രിം കോടതി നിരീക്ഷിച്ചു. എട്ടുവര്‍ഷത്തേക്ക് ഒരാളെ നിശ്ശബ്ദമാക്കുകയാണു ലക്ഷ്യം. രാഹുലിനെതിരെ തെളിവില്ലെന്നും പത്ര കട്ടിങ്ങുകള്‍ മാത്രമാണു തെളിവായി ഹാജരാക്കിയതെന്നും രാഹുലിന്റെ അഭിഭാഷകന്‍ മനു അഭിഷേക് നിങ്വി ചൂണ്ടിക്കാട്ടി. വയനാട്ടിലെ ജനങ്ങള്‍ക്കു തങ്ങളെ പാര്‍ലിമെന്റില്‍ പ്രതിനിധീകരിക്കാനുള്ള പൗരാവകാശം നിഷേധിക്കപ്പെട്ടതായും ചൂണ്ടിക്കാട്ടി. ഇത് ഒരാളെ മാത്രം ബാധിക്കുന്ന വിഷയമല്ല. കൊലക്കേസോ ബലാല്‍സംഗ കേസോ പോലെയുള്ള കുറ്റകൃത്യമല്ല.
15 മിനിട്ടാണ് കോടതി ഇരുവിഭാഗത്തിനും അനുവദിച്ചത്.പരാതിക്കാരന്‍ പൂര്‍ണേഷ് മോദിയുടെ ആദ്യ പേരില്‍ മോദി എന്നില്ലായിരുന്നുവെന്ന് രാഹുല്‍ വാദിച്ചു. ബോധപൂര്‍വമായി മോദി സമുദായത്തെ ആക്ഷേപിക്കാന്‍ രാഹുല്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് സാക്ഷികള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് മനു അഭിഷേക് സിങ്‌വി വാദിച്ചു. വിധിക്കു സ്റ്റേ നല്‍കണമെങ്കില്‍ അസാധാരണ സാഹചര്യം വേണമെന്ന് കോടതി വ്യക്തമാക്കി. ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
കഴിഞ്ഞ തവണ ഹരജി പരിഗണിച്ച് സുപ്രിംകോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് രാഹുല്‍ ഗാന്ധിക്ക് ധാര്‍ഷ്ട്യമെന്ന് കാട്ടി പരാതിക്കാരനായ പൂര്‍ണേഷ് മോദി കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. എന്നാല്‍ കേസില്‍ താന്‍ മാപ്പു പറയില്ലെന്നും ഹരജിക്കാരന്‍ നിയമം ദുരുപയോഗം ചെയ്യുന്നുവെന്നും രാഹുല്‍ ഗാന്ധി എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.
കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് രാഹുല്‍ ഗാന്ധി സുപ്രിംകോടതിയില്‍ എത്തിയത്. രാഹുല്‍ ഗാന്ധി നിരന്തരം വ്യക്തിഹത്യ നടത്തുന്ന നേതാവാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗുജറാത്ത് ഹൈക്കോടതി ഹരജി തള്ളിയത്. കള്ളന്‍മാരുടെ പേരില്‍ മോദിയെന്ന് വന്നതെങ്ങനെ എന്ന രാഹുലിന്റെ 2019ലെ പ്രസംഗത്തിലെ പരാമര്‍ശമാണ് കേസിന് ആധാരം. ബി.ജെ.പി നേതാവ് പുര്‍ണേഷ് മോദിയുടെ പരാതിയില്‍ സൂറത്തിലെ മജിസ്ട്രേറ്റ് കോടതിയാണ് രാഹുലിന് രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ചത്. പിന്നാലെ രാഹുലിനെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി






