കൊച്ചി: അർധബോധാവസ്ഥയിൽ ലൈംഗിക ബന്ധത്തിന് പെൺകുട്ടി സമ്മതിക്കുന്നത് അനുമതിയായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി. കോളജ് വിദ്യാർത്ഥിനിടെ ബലാത്സംഗം ചെയ്ത സീനിയർ വിദ്യാർത്ഥിക്ക് എറണാകുളത്തെ എസ്‌സി/എസ്ടി സ്പെഷൽ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചത് ശരിവെച്ചാണ് ഹൈക്കോടതിയുടെ പരാമർശം. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിനിയെ കോളജിൽ വെച്ചാണ് സീനിയർ വിദ്യാർത്ഥി ലഹരിപാനീയം നൽകി മയക്കിയ ശേഷം ലൈംഗിക ബന്ധത്തിലേർപ്പെട്ടത്. ജസ്റ്റിസ് എ. ബദറുദ്ദീനാണ് നിർണായകമായ പരാമർശം നടത്തിയത്.
2022 നവംബർ 18നു കോളജ് ലൈബ്രറിൽ വെച്ച് സീനിയർ വിദ്യാർത്ഥി തന്നെ ബലാത്സംഗം ചെയ്തെന്നാണ് പെൺകുട്ടിയുടെ പരാതി. തന്നെ ലൈബ്രറിയിലേക്കു വിളിച്ചു വരുത്തിയ പ്രതി സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുകയും പുകവലിക്കുകയുമായിരുന്നു എന്നും അയാൾ തന്ന കേക്കും വെള്ളവും കഴിച്ചതോടെ തന്റെ കാഴ്ച മങ്ങിയെന്നുമാണു പെൺകുട്ടിയുടെ മൊഴി.
അർധബോധാവസ്ഥയിൽ പെൺകുട്ടിയെ കോളജിന്റെ മുകൾ നിലയിലെത്തിച്ചു പീഡിപ്പിച്ചുവെന്നാണു കേസ്. ഭീഷണിപ്പെടുത്തി പിന്നീടും പലതവണ പീഡിപ്പിച്ചതായി ആരോപണമുണ്ട്. എന്നാൽ, കോളജ് പഠനകാലത്ത് തങ്ങൾ പ്രണയത്തിലായിരുന്നു എന്നും പിന്നീട് ബന്ധം വഷളായപ്പോൾ കള്ളക്കേസ് ചമച്ചതാണെന്നും പ്രതി മുൻകൂർ ജാമ്യത്തിനുള്ള അപ്പീലിൽ വാദിച്ചു.
പ്രതി നൽകിയ പാനീയം കുടിച്ച പെൺകുട്ടി അർധബോധാവസ്ഥയിലായതിനാൽ ബോധപൂർവം അനുമതി നൽകിയതായി കരുതാനാവില്ലെന്നു കോടതി പറഞ്ഞു. പ്രഥമദൃഷ്ട്യാ പ്രോസിക്യൂഷൻ കേസിൽ കഴമ്പുണ്ടെന്നു വിലയിരുത്തിയ കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കീഴ്ക്കോടതി നടപടിയിൽ തെറ്റില്ലെന്നും വ്യക്തമാക്കി.






