മാനന്തവാടി: മാനന്തവാടി ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ സെക്യൂരിറ്റി ജീവനക്കാരന് മര്‍ദനമേറ്റതായി പരാതി. വരടിമൂല സ്വദേശി പി.ഡി രാഹുലിനാണ് മര്‍ദനമേറ്റത്. കാലിന് പരിക്ക് ഉണ്ടെന്ന് പറഞ്ഞു ഡോക്ടറെ കാണാന്‍ വന്ന വള്ളിയൂര്‍കാവ് സ്വദേശികളായ സ്‌നേഹഭവന്‍ രഞ്ജിത്ത്, മകന്‍ അഭിത്ത് എന്നിവരാണ് മര്‍ദിച്ചതെന്നാണ് പരാതി. മറ്റ് രോഗികളെയും കൂടെ വന്നവരെയും അസഭ്യം പറയുകയും, ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ കയ്യേറ്റം ചെയ്യാന്‍ നോക്കിയപ്പോള്‍ ആക്രമണം തടയാന്‍ ശ്രമിച്ച രാഹുലിനെ കഴുത്തിന് കുത്തി പിടിക്കുകയും, കസേര ഉപയോഗിച്ച് അടിക്കുകയും ചെയ്തതായാണ് പരാതി. ഡോക്ടറെ കാണാന്‍ വന്ന അടിയന്തരാവശ്യമുള്ള രോഗികളെക്കാള്‍ ആദ്യം തങ്ങളെ നോക്കണമെന്ന് ഇരുവരും ആവിശ്യപ്പെട്ടാണ് തര്‍ക്കവും സംഘര്‍ഷവും ഉണ്ടായതെന്നാണ് പരാതി. തുടര്‍ന്ന് മാനന്തവാടി പോലീസ് സ്ഥലത്തെത്തി ഇരുവരേയും കസ്റ്റഡിയില്‍ എടുത്തു. ഇരുവര്‍ക്കുമെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. ആശുപത്രി ആക്രമ സംഭവത്തില്‍ ഹോസ്പിറ്റലില്‍ പ്രൊട്ടക്ഷന്‍ ആക്ട് ചുമത്തി കേസ് എടുത്ത് ആക്രമികള്‍ക്ക് ആവശ്യമായ ശിക്ഷ നല്‍കണമെന്ന് വയനാട് മെഡിക്കല്‍ കോളേജ് സ്റ്റാഫ് കൗണ്‍സില്‍ ആവിശ്യപ്പെട്ടു.
മറ്റു മെഡിക്കല്‍ കോളേജുകളില്‍ നിന്നും വ്യത്യസ്തമായി മാനന്തവാടിയില്‍ ഒ.പി വിഭാഗം കാണിക്കേണ്ട ആളുകളും അത്യാഹിത വിഭാഗത്തില്‍ ആണ് വരുന്നത്.
ഇത് കാരണം അത്യാഹിത വിഭാഗത്തില്‍ അനിയന്ത്രിതമായ തിരക്ക് ഉണ്ടാകുന്നതിന് കാരണമാകുന്നതായി സ്റ്റാഫ് കൗണ്‍സില്‍ ആരോപിച്ചു.
ജീവനക്കാര്‍ക്ക് സമാധാനമായി ജോലി ചെയ്യുന്നതിന് സാഹചര്യം ഒരുക്കണമെന്നും, അത്യാസന്ന നിലയില്‍ വരുന്ന രോഗികള്‍ക്ക് ചികിത്സ നല്‍കാന്‍ സാധിക്കാത്ത വിധം പ്രവര്‍ത്തിച്ച ആളുകള്‍ക്ക് എതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും സ്റ്റാഫ് കൗണ്‌സില്‍ യോഗം ആവിശ്യപ്പെട്ടു..






