സഞ്ചാരിപ്രവാഹം പരിധിവിട്ടതോടെ ഊട്ടി, കൊടൈക്കനാൽ യാത്രയക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മദ്രാസ് ഹൈക്കോടതി. ഇതിന്റെ ഭാഗമായി മെയ് ഏഴ് മുതൽ ജൂൺ 30 വരെ നീലഗിരിയിലും കൊടൈക്കനാലിലും പ്രവേശിക്കുന്ന വാഹനങ്ങൾക്ക് ഇ-പാസ് ഏർപ്പെടുത്തും. ജില്ല ഭരണകൂടങ്ങൾക്കാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയിരിക്കുന്നത്. സഞ്ചാരികളുടെ വാഹനങ്ങൾക്ക് മാത്രമാണ് പാസ് നിർബന്ധമാക്കിയിരിക്കുന്നത്
സീസൺ സമയത്ത് ഈ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന സഞ്ചാരികളെ കുറിച്ച് കൃത്യമായ വിവരങ്ങൾ ശേഖരിക്കുന്നതിന് വേണ്ടിയാണ് ഇ-പാസ് ഏർപ്പെടുത്തിയിരിക്കുന്നത്. ഏതൊക്കെ തരത്തിലുള്ള വാഹനങ്ങളാണ് എത്തുന്നത്, ഇതിൽ എത്ര സഞ്ചാരികൾ എത്തുന്നുണ്ട്, ഇവർ രാത്രി തങ്ങുന്നുണ്ടോ തുടങ്ങിയ വിവരങ്ങൾ ജില്ല ഭരണകൂടങ്ങൾ ശേഖരിക്കും. കോവിഡ് കാലത്തേതിന് സമാനമായ കർശന ഇ- പാസ് സംവിധാനമാണ് വേണ്ടതെന്നും കോടതി അധികൃതർക്ക് നിർദേശം നൽകി.
ഇ-പാസിനോടൊപ്പം ടോളുകൾ അടയ്ക്കാനുള്ള ഓൺലൈൻ സംവിധാനങ്ങൾ ഏർപ്പെടുത്താനുള്ള സാധ്യതകൾ പരിശോധിക്കാനും കോടതി നിർദേശം നൽകി. ഇത് നടപ്പിലായാൽ ചെക്ക് പോസ്റ്റുകളിലെ മണിക്കൂറുകൾ നീളുന്ന ബ്ലോക്കുകൾ ഒഴിവാക്കാൻ സാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. വേനലവധിക്കാലത്ത് ദിവസവും ഇരുപതിനായിരത്തിലേറെ വാഹനങ്ങളാണ് നീലഗിരിയിലെത്തുന്നതെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിൽ ആശങ്ക രേഖപ്പെടുത്തിയ കോടതി ഇത് കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും നിരീക്ഷിച്ചു.
നീലഗിരിയിൽ നേരിട്ടുകൊണ്ടിരിക്കുന്ന കടുത്ത കുടിവെള്ള പ്രശ്നവും ചർച്ചയായി. പ്രദേശവാസികൾ കുടിവെള്ളത്താനായി ബുദ്ധിമുട്ടുമ്പോൾ നീലഗിരിയിൽ ദിവസവും മുറിയെടുക്കുന്ന പതിനായിരക്കണക്കിന് ടൂറിസ്റ്റുകൾക്ക് എവിടെ നിന്നാണ് വെള്ളം കിട്ടുന്നതെന്നും കോടതി സർക്കാരിനോട് ചോദിച്ചു. വേനലവധി ആരംഭിച്ചതോടെ കടുത്ത ചൂടിൽ നിന്ന് രക്ഷതേടി ഊട്ടിലേക്ക് സഞ്ചാരികളുടെ പ്രവാഹമാണ്. ഇതോടെ ഊട്ടി പുഷ്പമേളയും നേരത്തെ നടത്താൻ തീരുമാനിച്ചിരുന്നു. മെയ് 17ന് തുടങ്ങാൻ തീരുമാനിച്ചിരുന്ന പുഷ്പമേള മെയ് 10 ന് തന്നെ ആരംഭിക്കാനാണ് തീരുമാനം.






