കൽപ്പറ്റ: മാനന്തവാടിയിൽ ആദിവാസി സ്ത്രീയുടെ മൃതശരീരം ആംബുലൻസ് ലഭ്യമാവാതെ ഓട്ടോറിക്ഷയിൽ കൊണ്ട് പോവേണ്ടി വന്ന സംഭവത്തിൽ ഉത്തരവാദികളായ ഉന്നതർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് വയനാട് എം.പി. പ്രിയങ്ക ഗാന്ധി. ട്രൈബൽ പ്രമോട്ടറെ പിരിച്ചുവിട്ട നടപടി ഉന്നതർക്ക് പഴിയിൽ നിന്ന് രക്ഷപെടാൻ വേണ്ടി കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണ്. സംഭവത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഉന്നതർക്ക് രക്ഷപെടാൻ കഴിയില്ല. ഇനിയൊരിക്കലും ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ ഉള്ള നടപടിയാണ് അവശ്യംമെന്ന് അവർ പറഞ്ഞു.
സംഭവത്തിൽ ഞെട്ടൽ പ്രകടിപ്പിച്ച പ്രിയങ്ക, ആദിവാസി മേഖലയിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിലേക്കും വ്യവസ്ഥാപിതമായി അവർ അനുഭവിക്കുന്ന അവഗണയിലേക്കുമാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത് എന്ന് പറഞ്ഞു. ആദിവാസി സമൂഹം ആത്മാഭിമാനവും, ബഹുമാനവും അർഹിക്കുന്നവരും മൗലികമായ അവകാശങ്ങളുടെയും സേവനങ്ങളുടെയും അവകാശികൾ കൂടിയുമാണെന്ന് പ്രിയങ്ക ഓർമ്മിപ്പിച്ചു.






