മാനന്തവാടി: സർക്കാർ വകുപ്പുകളും വിവിധ സ്വകാര്യ കമ്പനികളും സംയുക്തമായി നടത്തുന്ന തൊഴിൽ മേളകളിലൂടെ ഉദ്യോഗാർഥികൾ തൊഴിൽ സാധ്യത ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി ഒ.ആർ കേളു. ഉദ്യോഗാർഥികളുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുയോജ്യമായി സ്വകാര്യ കമ്പനികൾ നിരവധി തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുന്നത്. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും മാനന്തവാടി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും നേതൃത്വത്തിൽ മാനന്തവാടി ന്യൂമാൻ കോളേജിൽ സംഘടിപ്പിച്ച പ്രയുക്തി തൊഴിൽ മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. തൊഴിൽ മേളയിൽ 103 ഉദ്യോഗാർഥികൾക്ക് നിയമനം ലഭിച്ചു. 21 തൊഴിൽ ദായകർ പങ്കെടുത്ത മേളയിൽ 654 പേർ പങ്കെടുത്തു. 293 പേരെ ചുരുക്കപ്പട്ടികയിലുൾപ്പെടുത്തി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു. ജില്ലാ എംപ്ലോയ്മെന്റ് ഓഫിസർ പി.ടി ജയ പ്രകാശ്, മാനന്തവാടി എംപ്ലോയ്മെന്റ് ഓഫിസർ ഇ. മനോജ്, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.






