മാനന്തവാടി: വാഹന പരിശോധനയ്ക്കിടെ എക്സൈസ് ജീവനക്കാരനെ ഇടിച്ചു തെറിപ്പിച്ച് സ്‌കൂട്ടര്‍ യാത്രികന്‍. വയനാട് കാട്ടികുളത്ത് ബാവലി ചെക്ക് പോസ്‌റ് ഓഫീസിന് മുന്നിലാണ് സംഭവം. സിവില്‍ എക്സൈസ് ഓഫീസര്‍ ഇ എസ് ജയ്മോന് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. തലയ്ക്കാണ് സാരമായി പരിക്കേറ്റത്. മൂന്ന് പല്ലുകള്‍ നഷ്ടമായി. താടിയെല്ലിനും പരിക്കേറ്റു.
എക്സൈസിന്റെ വാഹന പരിശോധനയ്ക്കിടെ സ്‌കൂട്ടറുമായി എത്തിയവരാണ് ജയ്‌മോനെ ഇടിച്ചുതെറിപ്പിച്ചത്. ഉദ്യോഗസ്ഥനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതി ഹൈദറിനെ പോലീസ് പിടികൂടി. മുന്‍പ് ലഹരി കടത്ത് കേസില്‍ പിടിയിലായിട്ടുള്ളയാളാണ് ഹൈദര്‍. അഞ്ചാം മൈല്‍ സ്വദേശിയാണ് പ്രതി.
അതേസമയം, എംഡിഎംഎ ഡീലറെ ബെംഗളൂരുവിലെത്തി അറസ്റ്റ് ചെയ്ത് കേരള പൊലീസ്. ആലപ്പുഴ മാവേലിക്കര ചാരുംമൂട് സ്വദേശി സഞ്ജു ആര്‍ പിള്ളയാണ് അറസ്റ്റിലായത്. ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് ലഹരി കടത്തുന്ന പ്രധാനിയാണ് സഞ്ജു. പാലക്കാട് നോര്‍ത്ത് പൊലീസാണ് ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയില്‍ നിന്നും പ്രതിയെ പിടികൂടിയത്. കഴിഞ്ഞവര്‍ഷം പാലക്കാട് നിന്നും തിരുവനന്തപുരം സ്വദേശി മുഹമ്മദ് ഷിഹാസ് 31 ഗ്രാം എംഡിഎംഎയുമായി ഡാന്‍സാഫിന്റെ പിടിയിലായിരുന്നു.