ബത്തേരി: കാലാവധി കഴിഞ്ഞ് കട്ടപ്പുറത്തായ വാഹനങ്ങള്‍ സുല്‍ത്താൻ ബത്തേരി നഗരസഭയില്‍ കളർഫുളാണ്. ബത്തേരി ടൗണിനെ ക്ലീനാക്കുന്നതില്‍ കാല്‍നൂറ്റാണ്ടുകാലം മുഖ്യപങ്കുവഹിച്ച് സർവീസ് നടത്തിയ ട്രാക്ടറും നിരവധി വർഷം രോഗികളുടെ ജീവനുവേണ്ടി നിരത്തുകളില്‍ ചീറിപ്പാഞ്ഞ ആംബുലൻസുമാണ് ഇപ്പോള്‍ നിറങ്ങളണിഞ്ഞ് ടൗണിനൊപ്പം സുന്ദരകുട്ടപ്പൻമാരായിരിക്കുന്നത്.
കഴിഞ്ഞ 25 വർഷത്തെ സേവനത്തിനുശേഷം നഗരസഭ അങ്കണത്തില്‍ നിറുത്തിയിട്ടിരിക്കുന്ന ട്രാക്ടർ ഇപ്പോള്‍ കണ്ടാല്‍ ഏതോ സിനിമയുടെ പാട്ടിന് സെറ്റിട്ടപോലെയാണ് തോന്നുക. അത്ര കണ്ട് കളർഫുളാണ് ട്രാക്ടർ.
ഇതേ രീതിയിലാണ് താലൂക്ക് ആശുപത്രി കോന്പൗണ്ടില്‍ കാലാവധി കഴിഞ്ഞ് വെയിലും മഴയുമേറ്റ് കിടന്നിരുന്ന ആംബുലൻസും. ഇപ്പോള്‍ കണ്ടാല്‍ വളരെ മനോഹരമാണ്. ചെറിയ ചിത്രങ്ങളും വിവിധവർണങ്ങളും അണിഞ്ഞ് ഇവിടെയെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാർക്കും സന്തോഷം നല്‍കുന്ന കാഴ്ചയായി മാറിയിട്ടുണ്ട്.
രണ്ടിടങ്ങളിലുമെത്തുന്നവർ ഇവയുടെ ചിത്രങ്ങള്‍ മൊബൈലില്‍ പകർത്തുന്നതും അടുത്തുനിന്ന് ഫോട്ടോഎടുക്കുന്നതും പതിവാണ്. സുല്‍ത്താൻ ബത്തേരി ടൗണിലെ പൊതുചുമരകളും മറ്റും വർണാഭമാക്കുന്നതിന്‍റെ ഭാഗമായാണ് ഈ വാഹനങ്ങളും വർണത്തില്‍ മുങ്ങിയത്. വ്യാപാരികളുടെയും സന്നദ്ധസംഘടനകളുടെയും കോളജ് വിദ്യാർഥികളുടെയും സഹകരണത്തോടെയാണ് ഇത്തരം പ്രവർത്തനങ്ങള്‍ നഗരസഭ ചെയ്തുവരുന്നത്.
കെഎസ്‌ആർടിസി ജില്ലാ ഡിപ്പോ പരിസരം, കോട്ടക്കുന്ന്, ചുങ്കം, സ്വതന്ത്രമൈതാനി പരിസരം, ട്രാഫിക് ജംഗ്ഷൻ, അസംപ്ഷൻ ജംഗ്ഷൻ, കോടതി പരിസരം എന്നിവിടങ്ങളെല്ലാം ചിത്രങ്ങള്‍ വരച്ച് മനോഹരമാക്കിയിട്ടുണ്ട്. ഹാപ്പി ഹാപ്പി ബത്തേരി ആപ്തവാക്യത്തില്‍ മാലിന്യ മുക്തസന്ദേശം നല്‍കിയാണ് ഒഴിഞ്ഞുകിടക്കുന്ന പൊതുചുമരുകള്‍ ചിത്രങ്ങളാല്‍ സുന്ദരമാക്കിയിരിക്കുന്നത്. റഷീദ് ഇമേജാണ് ചിത്രങ്ങള്‍ വരയ്ക്കാനും നിറം നല്‍കാനും നേതൃത്വം നല്‍കുന്നത്.