പൊതുസ്ഥലങ്ങളിലെ സൗജന്യ ചാര്‍ജിംഗ് പോയിന്റുകള്‍ വഴി ഹാക്കര്‍ ഡാറ്റ ചോര്‍ത്തുന്നിതില്‍ മുന്നറിയിപ്പുമായി കേരളാ പൊലീസ്. ഇത്തരത്തില്‍ ഡാറ്റ അപഹരിക്കുന്നതിനെ ജ്യൂസ് ജാക്കിംഗ് എന്നാണ് വിളിക്കുന്നത്. വിമാനത്താവളങ്ങള്‍, ബസ് റെയില്‍വേ സ്റ്റേഷനുകള്‍, പാര്‍ക്കുകള്‍, മാളുകള്‍ എന്നിവിടങ്ങളിലെ സൗജന്യ ചാര്‍ജിംഗ് പോയിന്റുകളാണ് ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. ഹാക്കര്‍മാരുടെ തട്ടിപ്പുരീതിയും സ്വീകരിക്കേണ്ട മുന്‍കരുതലുകളും സംബന്ധിച്ച വിവരങ്ങളും പൊലീസ് നല്‍കുന്നുണ്ട്.
കേരളാ പൊലീസ് കുറിപ്പ്: പൊതു സ്ഥലങ്ങളില്‍ നല്‍കിയിരിക്കുന്ന സൗജന്യ ചാര്‍ജിംഗ് പോയിന്റുകള്‍ വഴി ഹാക്കര്‍മാര്‍ക്ക് നിങ്ങളുടെ ഡാറ്റ ചോര്‍ത്താന്‍ കഴിയും. ഇത്തരം പൊതുചാര്‍ജ്ജിംഗ് പോയിന്റുകളില്‍ നിന്ന് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ഡാറ്റ അപഹരിക്കപ്പെടുന്നതാണ് ജ്യൂസ് ജാക്കിംഗ് എന്നറിയപ്പെടുന്നത്. വിമാനത്താവളങ്ങള്‍, ബസ് സ്റ്റേഷനുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, പാര്‍ക്കുകള്‍, മാളുകള്‍ എന്നിവിടങ്ങളിലെ സൗജന്യ ചാര്‍ജിംഗ് പോയിന്റുകള്‍ ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നു. ചാര്‍ജിംഗിനായുള്ള യുഎസ്ബി പോര്‍ട്ടുകളും പ്രീപ്രോഗ്രാം ചെയ്ത ഡാറ്റ കേബിളും വിവരങ്ങള്‍ ചോര്‍ത്തുന്നതിന് ഉപയോഗിക്കുന്നു.






