നമ്മുടെ നാട്ടിലും പല നിലയ്ക്കായി ഓണ്‍ലൈന്‍ റമ്മി പോലുള്ള കളികള്‍ വ്യാപിക്കുകയാണ്. ഇത് കണ്ട് ആകൃഷ്ടരാകുന്ന ചെറുപ്പക്കാര്‍ ഇത്തരം കളികളിലേക്ക് എത്തും. ആദ്യമൊക്കെ അവര്‍ക്ക് ചെറു വിജയങ്ങള്‍ കിട്ടും. എന്നാല്‍ പിന്നീട് പണം നഷ്ടപ്പെട്ടു കൊണ്ടിരിക്കും. കേരളത്തില്‍ മാത്രം അടുത്തകാലത്തായി 20 പേരാണ് ഓണ്‍ലൈന്‍ ചുതാട്ടത്തിന്റെ പേരില്‍ ജീവന്‍ അവസാനിപ്പിച്ചത്. വിജയികളെ മാത്രമേ നാമിവിടെ കാണുന്നുള്ളൂ. മഹാഭൂരിപക്ഷം പരാജിതരെ നമ്മുടെ മുമ്പില്‍ നിന്ന് അവര്‍ സമര്‍ത്ഥമായി മറച്ചു വയ്ക്കുന്നു. എത്രയോ കുടുംബങ്ങളും രാജ്യങ്ങളുമാണ് സൃഷ്ടിപരവും ക്രിയാത്മകവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കേണ്ട യുവതയുടെ സമയവും ജീവിതം തന്നെയും ഇങ്ങനെ ഹോമിക്കുന്നത്. ഇത് അവസരമാക്കി തങ്ങളുടെ വ്യാപാരം കൊഴിപ്പിക്കാനാണ് വമ്പന്‍ കോര്‍പറേറ്റുകളുടെ ശ്രമം. ഇത്തരം ഒണ്‍ലൈന്‍ ചൂതാട്ടത്തിന് അടിമയായി എന്ന് സ്വയം മനസിലാക്കാന്‍ സാധിക്കാത്ത തരത്തിലേക്ക് മാറുന്നു എന്നതാണ് ഇതിലെ മറ്റൊരു കാര്യം. കോഴിക്കോട് സ്വദേശിയായ യുവാവ്. വീട്ടിലെ സാമ്പത്തിക നില അത്ര ഭദ്രമല്ലാത്ത അവസ്ഥയിലാണ്. മാതാപിതാക്കള്‍ രോഗികളാണ്. ലോക്ക്ഡൌണ്‍ കാലത്ത് കളി ആരംഭിച്ചു. ആദ്യസമയത്തെ വിജയങ്ങള്‍ ഉന്‍മാദമായി. പിന്നീട് ഇതില്‍ കൂടുതല്‍ പണം ഇടാന്‍ തുടങ്ങി.
ഇടക്കാലത്ത് പരാജയങ്ങള്‍ നേരിട്ടപ്പോഴാണ്. ഒപ്പം കളിക്കുന്ന മറ്റൊരു സുഹൃത്ത് ഉപദേശം നല്‍കിയത്. കുറച്ച് കഞ്ചാവ് ഉപയോഗിച്ചാല്‍ ‘ഫോക്കസ്’ കിട്ടുമത്രെ. ആ വഴി പിന്തുടര്‍ന്ന യുവാവ് ഓണ്‍ലൈന്‍ ഗെയിമിന് ഒപ്പം കഞ്ചാവിന്‍റെ ലഹരിക്കും അടിമയായി. കുടുംബത്തിലും പ്രശ്നം സൃഷ്ടിച്ചു ഇത്. രോഗികളായ മാതാപിതാക്കളെ ആക്രമിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ മാറി. ഒടുവില്‍ കേസിലും മറ്റും പെട്ടപ്പോള്‍. ഒരു ഡീ അഡിക്ഷന്‍ കോഴ്സിലൂടെയാണ് രണ്ട് ലഹരിയെയും ഈ യുവാവ് കുടഞ്ഞെറിഞ്ഞതെന്ന്. ഈ ആപ്പുകള്‍ നടത്തുന്ന വാഗ്ദാനങ്ങളും പരസ്യങ്ങളുമാണ് പലപ്പോഴും ആളുകളെ കെണിയില്‍ പെടുത്താറുണ്ട്. ലോക്ക്ഡൌണ്‍ കാലത്ത് ഓണ്‍ലൈന്‍ ഗെയിം കളിച്ച് വിജയിച്ച് ഊട്ടിയില്‍ ടൂര്‍ പോയ ആളുടെ പരസ്യമാണെങ്കില്‍ ഇപ്പോള്‍ അത് മാറി സിനിമ താരങ്ങള്‍ തന്നെയാണ് ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കാന്‍ പ്രേരിപ്പിച്ച് പരസ്യത്തില്‍ എത്തുന്നത്. ബോളിവുഡ് താരങ്ങളാണ് മുന്തിയ ഓണ്‍ലൈന്‍ ആപ്പുകള്‍ക്കും, ബെറ്റിംഗ് ആപ്പുകള്‍ക്കും വേണ്ടി പരസ്യം ചെയ്യുന്നത്. ഇതും ആളുകളെ സ്വാദീനിക്കുന്നു എന്നതാണ് നേര്.
ഇത്തരത്തില്‍ ഒരു പരസ്യത്തിന്‍റെ സ്വാദീനത്തില്‍ ഒന്ന് പരീക്ഷിച്ച് നോക്കിയതാണ് എറണാകുളത്ത് നിന്നുള്ള ഒരു വീട്ടമ്മ. ഒടുക്കം കൈയ്യിലെ ചെറിയ സമ്പദ്യം ഇട്ടായിരുന്നു ആപ്പിലെ ഓണ്‍ലൈന്‍ കളി. ആദ്യഘട്ടത്തിലെ ചില നേട്ടങ്ങള്‍ ഒഴിച്ചാല്‍ കൈയ്യിലെ പണമെല്ലാം പോയി. എന്നാല്‍ വീട്ടിലുള്ളവരോട് ഇത് പറയാന്‍ പറ്റാത്ത അവസ്ഥയിലായി. തുടര്‍ന്ന് വീണ്ടും കളിച്ച് പണം തിരിച്ചുപിടിക്കുക എന്ന ആശയമാണ് ഇവര്‍ സ്വീകരിച്ചത്. അതിന് പണം കണ്ടെത്താന്‍ തിരഞ്ഞെടുത്തത് ഓണ്‍ലൈന്‍ ലോണ്‍ ആപ്പും. ഇതുവഴി എടുത്ത പണവും വൈകാതെ നഷ്ടമായതോടെ. ഇവര്‍ കടുത്ത മാനസിക പ്രയാസത്തിലായി. അതിനിടെ ലോണ്‍ തിരിച്ചടിക്കാന്‍ ഓണ്‍ലൈന്‍ ആപ്പുകളും സമ്മര്‍ദ്ദം തുടങ്ങി. ഒടുവില്‍ സ്വഭാവത്തിലെ മാറ്റം കണ്ട് വീട്ടുകാര്‍ അന്വേഷിച്ചതോടെ അവരോട് കാര്യങ്ങള്‍ തുറന്നുപറഞ്ഞാണ് ഒരുവിധം ഈ കുരുക്കില്‍ നിന്നും ഇവര്‍ രക്ഷപ്പെട്ടത്.






