കുറ്റകൃത്യങ്ങൾ വർധിക്കുമ്പോഴും ഇതര സംസ്ഥാനക്കാരെ നിരീക്ഷിക്കാനുള്ള സംവിധാനങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നില്ല. ഗ്രാമീണ മേഖലകളിൽ നൂറുകണക്കിന് ഇതര സംസ്ഥാന തൊഴിലാളികളാണ് താമസിക്കുന്നത്. മേഖലയിൽ വീടുകളും ക്വാർട്ടേഴ്സുകളും വാടകയ്ക്ക് എടുത്താണ് ഇവർ ഒരുമിച്ച് താമസിക്കുന്നത്.
എന്നാൽ ഇവരുടെ കൃത്യമായ വിവരങ്ങൾ ഉടമകൾക്ക് പോലും അറിയില്ല. താമസിക്കാൻ എത്തുന്ന ഇതര സംസ്ഥാനക്കാരുടെ വിവരങ്ങൾ അതത് പൊലീസ് സ്റ്റേഷനുകളിൽ നൽകണമെന്ന് പൊലീസ് ഒട്ടേറെ തവണ ക്വാർട്ടേഴ്സ് ഉടമകളോട് ആവശ്യപ്പെടാറുണ്ട്. എന്നാൽ പലരും ഇത് കൃത്യമായി പാലിക്കുന്നില്ല.
മറ്റു സംസ്ഥാനങ്ങളിൽ കുറ്റകൃത്യങ്ങളിൽ പെട്ട് ഇവിടെ ഒളിവിൽ താമസിക്കുന്നവർ പോലുമുണ്ടെന്ന് പൊലീസ് പറയുന്നു. എന്നാൽ ഇവരുടെയൊന്നും കൃത്യമായ വിവരം സ്റ്റേഷനുകളിൽ പോലുമില്ല. ഇടുങ്ങിയ മുറികളിൽ ഒട്ടേറെ പേരാണ് താമസിക്കുന്നത്. പലയിടത്തും ആവശ്യത്തിന് ശുചിമുറികൾ പോലുമില്ല. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പലരുടെയും താമസം.
സൗകര്യങ്ങളില്ലെങ്കിലും ആളൊന്നിന് വാടക നിശ്ചയിച്ച് നൽകുന്നതിനാൽ മറ്റുള്ളവർക്ക് വാടകയ്ക്ക് നൽകുന്നതിനേക്കാൾ ലാഭം ഇതുവഴി ഉടമകൾക്ക് ലഭിക്കും. ഈ അവസരം ഇവർ പരമാവധി പ്രയോജനപ്പെടുത്തുകയാണ്.
ഇവരിൽ പലരും മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും അടിമകളാണ്. കൃത്യമായ കുത്തിവയ്പ് പോലും എടുക്കാത്തതിനാൽ പകർച്ചവ്യാധികൾ പിടിപെട്ടവർ ഉൾപ്പെടെയുള്ളവർ ഇവർക്കിടയിലുണ്ട്. ചില പഞ്ചായത്തുകളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ രാത്രികാലങ്ങളിൽ ഇവരുടെ താമസ സ്ഥലങ്ങളിൽ എത്തി പരിശോധന നടത്താറുണ്ടെങ്കിലും ഇതൊന്നും ഫലപ്രദമാകുന്നില്ല.
ഇവരിൽ പലരും ഇടയ്ക്കിടെ താമസ കേന്ദ്രം മാറുന്നതിനാൽ ആരോഗ്യ വകുപ്പ് അധികൃതർക്കും കൃത്യമായി നിരീക്ഷണം നടത്താൻ കഴിയാറില്ല. ഇതര സംസ്ഥാന തൊഴിലാളികളെ വാടകയ്ക്ക് താമസിപ്പിക്കുന്ന കെട്ടിട ഉടമകൾ വിവരം അതത് സ്റ്റേഷനുകളിൽ അറിയിച്ചില്ലെങ്കിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന്






