ഇതിഹാസ ഗായകന്‍ പങ്കജ് ഉദാസ് അന്തരിച്ചു
ഇതിഹാസ ഗായകന്‍ പത്മശ്രീ പങ്കജ് ഉദാസ് അന്തരിച്ചു. 72 വയസ്സായിരുന്നു. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു. ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ രാവിലെ 11ഓടെയായിരുന്നു പങ്കജ് ഉദാസ് മരിച്ചതെന്ന് അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു.(legendary singer pankaj udas passed away)
നാം, സാജന്‍, മൊഹ്‌റ തുടങ്ങിയ ഹിന്ദി സിനിമകളില്‍ ആലപിച്ച ഗാനങ്ങളിലൂടെയാണ് പിന്നണിഗായകനെന്ന നിലയില്‍ പങ്കജ് ഉദാസ് ശ്രദ്ധേയനാവുന്നത്. സംസ്‌കാരച്ചടങ്ങുകള്‍ ചൊവ്വാഴ്ച നടത്തുമെന്ന് കുടുംബം അറിയിച്ചു.
1986ല്‍ പുറത്തിറങ്ങിയ നാം എന്ന ചിത്രത്തിലെ ‘ചിട്ടി ആയി ഹേ വതന്‍’ എന്ന ഹിറ്റ് ഗാനത്തിലൂടെയാണ് പങ്കജ് ഉദാസ് ശ്രദ്ധേയനായത്. എന്നുമീ സ്വരം എന്ന മലയാള ആല്‍ബത്തില്‍ അനൂപ് ജലോട്ടക്കൊപ്പം പാടിയിട്ടുണ്ട്. നിരവധി സംഗീത പര്യടന പരിപാടികള്‍ അവതരിപ്പിക്കുകയും ധാരാളം ചിത്രങ്ങളില്‍ പാടുകയും ചെയ്തു. ഗസല്‍ ആലാപാനത്തിന്റെ രജതജൂബിലി പൂര്‍ത്തിയാക്കിയ അദ്ദേഹത്തിന് 2006ലാണ് രാജ്യം പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചത്.
ഗുജറാത്തിലെ രാജ്‌കോട്ടിനടുത്തുള്ള ജേത്പൂരില്‍ കേശുദാസ് ഉദാസ്, ജിതുബേന്‍ ദാസ് ദമ്പതികളുടെ മൂന്നുമക്കളില്‍ ഇളയവനായി ജനനം. ഇദ്ദേഹത്തിന്റെ മൂത്ത സഹോദരന്‍ മന്‍ഹര്‍ ഉദാസും സിനിമകളില്‍ ഗാനമാലപിച്ചിട്ടുണ്ട്.






