കോഴിക്കോട്: ചാരക്കണ്ണുകളും തിളങ്ങുന്ന പുഞ്ചിരിയുമായി മഹാകുംഭമേളയിൽ ആളുകളുടെ മനംകവർന്ന മോനി ബോസ്ലെ (മൊണാലിസ) കേരളത്തിൽ. കൂളിങ് ഗ്ലാസും, കറുത്ത കോട്ടുമണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലാണ് വൈറൽ താരം കേരളത്തിലെത്തിയത്. ചെമ്മണൂർ ജ്വല്ലറിയുടെ പരിപാടിയിൽ പങ്കെടുക്കാനാണ് മൊണാലിസ സഹോദരനൊപ്പം വന്നത്. ബോബിയുടെ ജ്വല്ലറിയുടെ ബ്രാൻഡ് അംബാസഡറാണ് മോനി.
വലിയ പരിഭ്രമത്തോടെയായിരുന്നു ഇങ്ങോട്ടു വന്നതെന്നും അതെല്ലാം മാറിയെന്നും കേരളം വളരെയധികം ഇഷ്ടപ്പെട്ടുവെന്നും മൊണാലിസ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാവർക്കും നന്ദി പറയുകയും ചെയ്തു.
ബോളിവുഡിൽ ഒരു സിനിമയിൽ അഭിനയിക്കാൻ മോനി കരാർ ഒപ്പുവെച്ചു. സനോജ് മിശ്ര സംവിധാനം ചെയ്യുന്ന ‘ദ ഡയറി ഓഫ് മണിപ്പൂർ’ എന്ന ചിത്രത്തിലൂടെയാണ് നായികയായി ബോളിവുഡിൽ അരങ്ങേറുന്നത്. 21 ലക്ഷം രൂപക്കാണ് സിനിമയുടെ കരാറിൽ ഒപ്പുവെച്ചത്. മലയാള സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയാൽ തീർച്ചയായും വരുമെന്നും അവർ പ്രതികരിച്ചു.
മധ്യപ്രദേശിലെ ഇന്ദോർ സ്വദേശിയായ മോനിയെ കേരളത്തിലെത്തിക്കാൻ 15 ലക്ഷം രൂപയാണ് ബോബി ചെമ്മണ്ണൂർ ചെലവഴിച്ചതെന്നും റിപ്പോർട്ടുണ്ട്. മഹാ കുംഭമേളയിൽ മാല വിൽക്കാൻ എത്തിയപ്പോഴാണ് ചാരക്കണ്ണുകളും സുന്ദരമായ ചിരിയുമായി മോനി ആളുകളുടെ മനംകവർന്നത്.