കമ്പളക്കാട് മലങ്കര കോളനിയിൽ യുവാവ് 3 കോളനിവാസികളെ എയർഗൺ ഉപയോഗിച്ച് വെടിവെച്ച സംഭവത്തിൽ പരിക്കു പറ്റിയവർക്ക് എല്ലാ സഹായങ്ങളും നല്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ . പരിക്കു പറ്റിയവരെ വയനാട് ഗവ മെഡിക്കൽ കോളേജിൽ എത്തി മന്ത്രി സന്ദർശിച്ചു. പരിക്കു പറ്റിയവർക്ക് എല്ലാവിധ ചികിത്സയും ഉറപ്പാക്കാൻ മന്ത്രി ഡി.എം.ഒക്ക് നിർദ്ദേശം നൽകി. പരിക്കേറ്റവരുടെ ചികിത്സയുമായും മറ്റും ബന്ധപ്പെട്ട ചിലവുകൾ വഹിക്കാൻ ട്രൈബൽ വകുപ്പ് അധികൃതർക്കും മന്ത്രി നിർദ്ദേശം നൽകി. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം.
മലങ്കര ചൂരത്തൊട്ടിയില്‍ ബിജു (48) വാണ് വെടിയുതിര്‍ത്തത്. അയല്‍വാസികളായ മലങ്കര പണിയ കോളനിയിലെ മണി(54) രാഗിണി(52) , വിപിന്‍(17) എന്നിവരെയാണ് എയർഗൺ ഉപയോഗിച്ച് വെടിവെച്ചത്. ഇവരെ പരിക്കുകളോടെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് സാരമുള്ളതല്ല. ബിജു മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നയാളാണെന്ന് സൂചനയുണ്ട്. ഒ.ആർ കേളു എം.എൽ.എ, ഡി.പി.എം ഡോ. സമീഹ സൈതലവി, ട്രൈബൽ ഡവലപ്പ്മെൻ്റ് ഓഫീസർ സി ഇസ്മയിൽ തുടങ്ങിയവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.






